Saturday, November 27, 2010

പ്രണയ സങ്കല്‍പ്പങ്ങള്‍......അനുരാഗത്തിന്‍ പൂപ്പന്തലില്‍ ‍നാമിരുന്ന-
നുവാസരം കാണും സ്വപ്നങ്ങള്‍‍ സുഗന്ധികള്‍!

നിലാവിന്റെ നീളും നിഴലുകളൊക്കെയും
നിറമുള്ള നറുമലര്‍ പൂവിരിപ്പായിടും.
മണ്ണില്‍ നാം കാണുന്നതെല്ലാം നമുക്കൊരു
വിണ്മയ സങ്കല്പധാരയായ് തോന്നിടും.
വിരസമാം മുകിലിന്റെ വികലമാം രൂപങ്ങള്‍
അഴകോലും വര്‍ണ്ണ ചിത്രങ്ങളായ് മാറിടാം.
ഇന്ദ്രധനുസിന്റെ സപ്ത വര്‍ണ്ണങ്ങളെ
തന്‍ പ്രണയ കുങ്കുമപ്പൂക്കളായ് കണ്ടിടാം.
പാലാഴി തന്നില്‍ നിറയുന്നൊരാ നല്ല താരാ ഗണങ്ങളെ
പൌര്‍ണമിച്ചന്ദ്രന്റെ കാമിനിയാക്കിടാം.
നറുതേന്‍ കവരുവാന്‍ പായുന്ന വണ്ടിനേ
പ്രണയിനിയെ തേടുന്ന കാമുകനാക്കിടാം.

കാണാത്ത പൂമര കൊമ്പിലിരുന്നൊരു
പൂങ്കുയില്‍ പാടുന്ന പാട്ടു കേട്ടന്നു നിന്‍
പ്രേയസി തന്‍ ഗാന നിര്‍ത്ഢരിയെന്നൊര്‍ത്തു
നിന്നോര്‍മ്മയില്‍, പ്രാണന്റെ മധുരമാം ഗാഥയായ്
ചേര്‍ത്തു, കൊണ്ടന്തരാത്മാവിന്‍ മധു മന്ത്രമായ് തീര്‍ന്നിടും.

Wednesday, November 24, 2010

തുയിലുണർത്തൽ..
സന്തുഷ്ടി നിറഞ്ഞ ആ പുലര്‍കാല‍‍ വേളയില്‍
നീ എന്നില്‍ മൂന്നു ചുംബനങ്ങള്‍ അര്‍പ്പിച്ചു.
ഈ സ്നേഹം വഴിയുന്ന നിമിഷങ്ങളിലേക്കു
എന്നെ തുയില്‍ ഉണര്‍ത്താനായി മാത്രം....

എന്തു സ്വപ്നമാണു ഈ നിശീഥിനിയില്‍ ഞാന്‍ കണ്ടതെന്നു
ഞാന്‍ എന്റെ ഹൃദയത്തില്‍ തിരയുകയായിരുന്നു.
അതിനിടയിലാണു ജീവന്റെ തുടിപ്പുകള്‍ ഉള്‍‍ക്കൊണ്ട
നിന്റെ ചുംബനങ്ങള്‍ ഞാന്‍ അറിഞ്ഞതു!

എന്റെ കിനാവുകള്‍ എന്തായിരുന്നെന്നു ഞാന്‍ കണ്ടെത്തി.
പക്ഷെ, നിറഞ്ഞു നിന്ന പൂന്തിങ്കള്‍, എന്നെ അതിനിടയില്‍
ആകാശവിതാനത്തിലേക്കു ഉയര്‍ത്തിക്കൊണ്ടു പോയി.
ഞാന്‍ അവിടെ തൂങ്ങി കിടക്കുകയായിരുന്നു.
എന്റെ ഹൃദയം നിന്റെ കാലടി പാതയിലേക്കു
വീഴുന്നതു എനിക്കു കാണാമായിരുന്നു.

എന്റെ പ്രേമത്തിന്റെയും, ഹൃദയത്തിന്റേയും മധ്യത്തില്‍
ക്രമേണ...സാവധാനത്തില്‍... നടക്കുന്ന പലതും..അല്ല എല്ലാം തന്നെ
എന്റെ സ്മരണയില്‍ തെളിഞ്ഞു വരുന്നതു ഞാന്‍ മനസിലാക്കി.

എനിക്കു നിന്റെ കരാംഗുലികള്‍‍ കാണാന്‍ സാധിക്കുന്നില്ല;
എങ്കിലും നിന്റെ തൂവിരല്‍ സ്പര്‍ശം എന്നെ ആനന്ദിപ്പിക്കുന്നു.
നിന്റെ ചുണ്ടിണകള്‍‍ ഞാന്‍ കാണുന്നില്ലെങ്കിലും,
അതിലോലമായ നിന്റെ ചുംബനങ്ങള്‍‍ ഞാന്‍ ഏറ്റു വാങ്ങുന്നു.
നീ എന്നില്‍ നിന്നും മറഞ്ഞിരിക്കുകയാണല്ലൊ.

എന്നാലും, എനിക്കു ജീവന്‍ പകര്‍ന്നു തരുന്നതു നീയാണല്ലൊ.
എപ്പോഴെങ്കിലും നീ നല്‍കുന്ന ചുംബനങ്ങളില്‍ നിനക്കു വിരസത
തോന്നിയേക്കാം. എങ്കില്‍ തന്നെയും-
നിന്റെ ശകാരങ്ങള്‍‍ പോലും എനിക്കു ആസ്വാദ്യതരമാണു!

ഒരു കാര്യം മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളു.
നീ അല്പമെങ്കിലും ശ്രദ്ധ എനിക്കു നല്‍കണം....
അതു മാത്രം!

Monday, November 15, 2010

ജന്മങ്ങൾക്കപ്പുറം...എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.
ഏതൊരോ ജന്‍മ സുകൃതമായിന്നു ഞാന്‍
‍നിന്നന്തികത്തില്‍ വിരുന്നു വന്നു.

കന്നി നിലാവിന്റെ മാസ്മര സന്ധ്യയില്‍
ഒന്നുരിയാടുവാന്‍ ചേര്‍ന്നിരുന്നു.
നിന്‍ കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു
സ്നേഹാര്‍ദ്ര സാന്ദ്രമാമെന്റെ മനസ്സിന്റെ
നീഹാര ബാഷ്പാങ്കുരങ്ങളായി.
നീറുമൊരാത്മാവില്‍ രാഗോജ്വലങ്ങളാം
മന്ദാര പൂമഴ പെയ്താ രാവില്‍
‍സ്വപ്നാനാനുഭൂതികള്‍ എന്‍ ചിത്തമാകവെ
സ്വര്ഗ്ഗം ചമക്കുകയായി പിന്നെ.
മിഴികളില്‍ വിടര്‍ന്നൊരാ പ്രണയ സ്വപ്നങ്ങളില്‍
മുഴുകി നീ, മോഹമാമാലസ്യത്തില്‍.

താമര താരൊത്താ പൂവിരല്‍തുമ്പിനാല്‍
തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി.
മന്വന്തരങ്ങള്‍ക്കുമപ്പുറത്തെപ്പോഴോ
നിന്നെഞാന്‍ തേടി നടന്നൊരാ ഓര്‍മ്മകള്‍
‍എന്നും നിറഞ്ഞു നില്‍ക്കുന്നിതെന്നോര്‍മ്മയില്‍
‍പൊന്നുഷസന്ധ്യയായ്‌ നീ വരില്ലേ?.......

Monday, November 08, 2010

അപൂര്‍വ്വരാഗങ്ങള്‍....
പൗര്‍ണമി നിലാവിന്റെആര്‍ദ്രമാം കവിള്‍പ്പൂവില്‍
നിന്‍ സ്നേഹം നിറഞ്ഞൊരാ പൂവിരല്‍ തലോടുമ്പോള്‍
‍അറിയാതേതൊ സ്വപ്നഭൂവില്‍ഞാന്‍ തിര നീന്തി
വിതുമ്പും മനസുമായ്‌ നിന്‍ മിഴിപ്പൂവില്‍ കാണ്മൂ..

കരളില്‍ പ്രഭാപൂരം നിറയെ പരത്തുന്നോരണി
നിലാത്തിരിയിട്ട മണിവിളക്കൊന്നിന്‍ നാളം!
യമുനാ നദി തന്‍ കുളിരായ്‌, നിനവിലെന്നും നിറയും,
നറുതേന്‍ വഴിയും, സ്വരരാഗ ദീപ്തികള്‍.
വാസര സ്വപ്നങ്ങള്‍ തന്‍പൂവിതള്‍ വിടര്‍ത്തികൊണ്ടാ-
യിരം ശ്രുതികള്‍ നീ മീട്ടുന്നെന്‍ പൊന്‍ വീണയില്‍.
ഉള്ളിന്റെ ഉള്ളില്‍ നിന്റെ സ്നേഹത്തിന്‍ മയൂരങ്ങള്‍
നിറയും വസന്തത്തിന്‍, ലാസ്യ നര്‍ത്തനമാടി.

അറിയാതെന്നാത്മാവില്‍ എന്നും ഞാന്‍ രചിക്കുന്നോ-
രനുരാഗത്തിന്‍ കാവ്യം ആലപിക്കുന്നെന്‍ നാദം.
വഴിയും സ്നേഹത്തിന്റെ പൊന്‍നിലാ കിരണങ്ങള്‍
‍താമരത്തളിരിലേ വാരിളം മുത്തുപോലെ
തെളിയും, നിന്നാത്മാവില്‍നിറയും
മോഹപുഷ്പ്പങ്ങളായ്, വിടരുന്നുണ്ടെ-
ന്നെന്നുമൊരപൂര്‍വ്വ സംഗമമായി!

Wednesday, November 03, 2010

ഹൃദയരാഗം


മോഹത്തിന്‍ മയില്‍ പീലി ഹൃദയത്തില്‍ പേറുന്ന
സുരഭില യാമങ്ങള്‍ കൊഴിഞ്ഞു വീണു.
മഴവില്ലിന്‍ ചാരുത മനതാരിന്നേകിയ
മഴമേഘമൊക്കെയും പെയ്തൊഴിഞ്ഞു.
എരിവേനല്‍ മരുഭൂവില്‍ പുതുമാരി പെയ്യിച്ച
പുളകങ്ങളൊക്കെയും മാഞ്ഞുപോയി.
കരളിന്റെ നൊമ്പരം കരിനീലക്കണ്ണിലേ-
ക്കറിയാതെ മിഴിനീരായൊഴുകി എത്തി.
മനസില്‍‍ വിടര്‍ന്നൊരെന്‍ അനുരാഗ സ്വപ്നങ്ങള്‍
വിരഹത്തിന്നോര്‍മ്മയായ് വിടപറഞ്ഞു.
തരളമാം സന്ധ്യകള്‍, അലസമാം യാമങ്ങള്‍,
വിവശമാം സ്പന്ദനം ഹൃദയത്തിന്‍ താളത്തില്‍
പകരുന്നോരുന്മാദം, സിരയാകെ പടരുന്നു.
ഇരുള്‍ മൂടും പാതയില്‍ ഇടറുന്ന കാലടി,
ഇടനെഞ്ചില്‍ പിടയുന്ന കദനത്തിന്‍ പേമാരി,
വിറ പൂണ്ട ചുണ്ടുകള്‍, തകരുന്ന മോഹങ്ങള്‍
തനുവാകെ തളരുന്നീ തമസിനുള്ളില്‍.

സ്നേഹോപഹാരമായ് ഹൃദയത്തിലെഴുതുന്ന
മൂകമാം കവിതകളാണിന്നെന്റെ ഉള്‍ക്കളം.
തേന്‍ മുള്ളുകള്‍‍ നിറയുമീ രാവിന്റെ ഓര്‍മ്മകളെ-
ന്നുമെന്‍, ഏകാന്ത ചാരു ജന്മ സ്മൃതികള്‍ക്കുള്ളില്‍
തഴുകി തലോടിയെന്‍ നിറമുള്ള മോഹങ്ങളുണര്‍ത്തീടട്ടെ.
സ്നേഹത്തിന്‍ പൂത്താലത്തില്‍ നീ പകര്‍ന്ന വസന്തത്തിന്‍‍‍
പൂക്കള്‍ തന്‍ പരിമളം എന്നുള്ളില്‍ നിറക്കട്ടെ.