Thursday, March 27, 2008

കനവിന്റെ ഉള്ളിലെ കിനാവു...

ഈ ചുംബനം നിന്റെ നെറ്റിയില്‍ ഏറ്റുവാങ്ങൂ.
നിന്നില്‍ നിന്നും വേര്‍പിരിയുന്ന ഈ മാത്രയില്‍
ഞാനിത്രയും സമ്മതിക്കുന്നു...
എന്റെ നാളുകള്‍ ഒരു സ്വപ്നമായിരുന്നെന്നു നീ ധരിച്ചതു,
നിന്റെ തെറ്റല്ല.
എങ്കിലും എന്റെ പ്രതീക്ഷകള്‍ ഒരു രാവിലോ
ഒരു പകലിലോ, ഒരു കിനാവിലോ,
എങ്ങനെ എങ്കിലും
പറന്നകന്നു പോയെങ്കില്‍...
അതു എമ്പാടും തീര്‍ന്നു പോയെന്നാവില്ലല്ലൊ.

നാം കാണുന്നതെല്ലാം, കാണുന്നെന്നു
ധരിക്കുന്നതെല്ലാം തന്നെ
ഒരു കനവിന്റെ ഉള്ളിലേ കിനാവു തന്നെയാണു!

തിരമാലകള്‍ ആര്‍ത്തലയ്ക്കുന്നതിന്റെ
മധ്യത്തില്‍, ഒരു കടല്‍ തീരത്തു ഞാന്‍ നില്‍ക്കുന്നു.
എന്റെ കരതലത്തില്‍ സുവര്‍ണ മണല്‍ തരികള്‍
ഞാന്‍ അടക്കി പിടിച്ചിരിക്കുകയാണു.
വളരെ കുറച്ചു മാത്രം!
എന്നിട്ടും എന്റെ വിരല്‍ പഴുതുകളിലൂടെ അവ
ഇഴഞ്ഞു താഴേക്കു വീഴുന്നുണ്ട്‌.
ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുമ്പോള്‍;
അതെ ഞാന്‍ കരയുമ്പോള്‍ തന്നെ...

ദൈവമേ! എനിക്കു ആ മണല്‍ത്തരികളെ,
കുറച്ചു കൂടി മുഷ്ടിമുറുക്കി പിടിച്ചു കൂടേ?

ദൈവമേ! അതില്‍ ഒരു തരിയേ എങ്കിലും ഈ ക്രൂരമായ
തിരകളില്‍ നിന്നും സംരക്ഷിച്ചു കൂടേ?

നാം കാണുന്നതെല്ലാം, കാണുന്നെന്നു
ധരിക്കുന്നതെല്ലാം തന്നെ
ഒരു സ്വപ്നത്തിന്റെ ഉള്ളിലേ സ്വപ്നം തന്നെ അല്ലേ?

(കടപ്പാടു: എഡ് ഗാര്‍ ‍ അല്ലന്‍ പോ. 1801-1849. അമേരിക്കന്‍ കവി. A dream within a dream.)

Wednesday, March 26, 2008

അനുരാഗമാത്മാവില്‍...

അറിയാതെന്നാത്മാവില്‍ നിറമാല ചാര്‍ത്തുന്നൊ
രനുരാഗ പുഷ്പമേ നീയെനിക്കിന്ന
തിരറ്റ ലാവണ്യ ധാരയായ്‌ തീര്‍ന്നെന്റ
അഴലിന്‍ മാറാലകള്‍ മായ്ച്ചതില്ലേ?

നഷ്ടവസന്ത സ്മൃതികളെന്‍ ഹൃത്തതില്‍ ‍തൊട്ടുണര്‍ത്തീടുമാ
തപ്താനുരാഗവികാരങ്ങളെ ഞാന്‍
തപ്പി എടുത്തുംകൊണ്ടെന്നന്തരാത്മാവില്‍
കെട്ടിപ്പുണര്‍ന്നോമല്‍ നിര്‍വൃതി തേടുന്നു.

നിര്‍ന്നിദ്രമായൊരെന്നേകാന്ത രാത്രിയില്‍
മാത്രകള്‍ തോറും അലയടിച്ചെത്തുന്ന
മുഗ്ദാനുരാഗ മരീചികള്‍ തന്‍,
ജ്വാലകള്‍ ‍എന്‍ കരള്‍ ‍കാമ്പിന്റെ വിങ്ങലായാ-
ത്മാവിന്‍ മൃത്യു സങ്കീര്‍ത്തനമായ്.

അനുരാഗ സംഗീതമാത്മാവില്‍ വിടരുന്നൊരനുഭൂതി
എന്നില്‍ നീ ഉളവാക്കി, പിന്നെ നീ
പുലരുമ്പോള്‍ പൊലിയുന്നൊരോമല്‍ കിനാവായി
ട്ടെവിടെയോ പോയെന്നെ എകാന്തയാക്കി നീ.....

Tuesday, March 18, 2008

കരളിലൊരായിരം പൂമുല്ല...


കരളിലൊരായിരം പൂമുല്ല പൂത്തുനിന്ന-
നുരാഗലോലയായ്‌ അരികില്‍ നീ എത്തുമ്പോള്‍
അരുതാത്ത മോഹങ്ങളുണരുന്നെന്നുള്ളീലു-
ണ്ടറിയാത്ത മാനസ ചാപല്യങ്ങള്‍.

നിരുപമാമായൊരു നിര്‍വൃതി തന്‍
നിറുകയില്‍ നാമൊന്നായമര്‍ന്നിടുമ്പോള്‍
നിന്‍, അനുരാഗലാവണ്യ മാധുരിതന്‍
നിറദീപ നാളം തെളിഞ്ഞു നില്‍ക്കും.

ജലകണമുള്ളില്‍ നിറയും മുകിലിന്റെ
ചിരിയല്ലേ വിദ്യുല്‍ ലതികയെല്ലാം?
മഴയുടെ കുളിരോലും പരിരംഭണത്തില്‍
നിന്നുതിരുന്നു മണ്ണിന്റെ മദജലസൗരഭം.

നിന്‍ ചെഞ്ചൊടികളിലെന്നും തളിര്‍ക്കുന്ന
മന്ദഹാസത്തിന്റെ ചെമ്പനീര്‍ പൂക്കളെ
ചുടുചുംബനം കൊണ്ടു നുള്ളി എടുക്കുവാനെ-
ന്നുള്ളിന്റെയുള്ളിലൊരുന്മാദമുണരുന്നു.

അകലത്തിരുന്നു ഞാനാശിക്കുമീ പ്രേമസുരഭില
മോഹങ്ങള്‍ക്കറുതി ഇല്ലൊരു നാളും
എങ്കിലുംനീ ഇന്നതറിയാതിരിക്കരുതെന്നുള്ള-
തോര്‍ത്തു ഞാനീ‍ വരികള്‍ കുറിക്കുന്നതോര്‍ക്ക നീ ഓമനേ!

Thursday, March 13, 2008

ഏകാന്ത സ്മൃതികള്‍...

ഉണരുന്ന മൗന സരോരുഹത്തില്‍ നിന്നു-
മുതിരുന്ന നവ്യാനുഭൂതികള്‍ തന്‍
അനുപമ സൗന്ദര്യ ധാരയിലെന്‍
മനമാകെ കോരിത്തരിച്ചിടുന്നു.

വാസന്ത മോഹന സ്വപ്ന ശൃംഗങ്ങളില്‍
വാസരം തേടി അലഞ്ഞൊരാ മാത്രകള്‍
വിസ്മൃതിക്കുള്ളില്‍ നിന്നാരവാരത്തൊടെ
വിഛിന്നമാക്കുന്നെന്നന്തരാത്മാവിനെ.
മണ്ണില്‍ ഉതിര്‍ന്നു വീണ മോഹപുഷ്പങ്ങള്‍ എന്നും
തേങ്ങീടുന്നുള്ളിനുള്ളില്‍ പിടയുന്ന വേദനയായ്‌.
ഗാനമായെന്നാത്മാവില്‍ ശ്രീരാഗം മൂളി എത്തും
ചാരു മന്ദസ്മിത സ്നേഹാര്‍ദ്രമാം നിന്നാനനം
മിന്നിത്തിളങ്ങുമെന്റെ, പൊന്നിന്‍ കിനാക്കളെ ഞാന്‍
നിത്യവുമാരാധിച്ചെന്‍, വിരഹാഗ്നി ശമിപ്പിപ്പൂ.

ചന്ദ്രികച്ചാറണി പൂമരച്ചോട്ടില്‍ എത്ര
സന്ധ്യകള്‍ നമ്മെ തേടി വിരുന്നു വന്നു?
ആതിര നിലാവിലെ ചന്ദന തെന്നലെത്ര
ചുംബനപ്പൂക്കള്‍ക്കുള്ളില്‍ ഓടി ഒളിച്ചു.
ഒരോരോ മാത്ര തോറും തഴുകിത്തഴുകിയെന്നെ,
ആലോലം താലോലിച്ചാപ്പൂവിരല്‍ തുമ്പുകളെ,
നെഞ്ചൊടു ചേര്‍ത്തു വച്ചു പുണര്‍ന്നെടുക്കാനെന്റെ
നെഞ്ചിലേ ദാഹം ഇന്നും വിതുമ്പിടുന്നു..
കല്‍പന തന്‍ പാരാവാരത്തിരകളില്‍ ഞാനെന്റെ
മുഗ്ദമാം അനുഭൂതി തേടി അലയുന്നെന്നും....

Wednesday, March 12, 2008

ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ല!

ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ല;
എന്നാല്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നതുകൊണ്ടു,
നിന്നെ സ്നേഹിക്കുന്നതില്‍ നിന്നും,വ്യത്യസ്ഥമായി നിന്നെ സ്നേഹിക്കാതാവുകയാണു.
നിന്നെ പ്രതീക്ഷിക്കുന്നതില്‍ നിന്നും, വ്യത്യസ്തമായി
പ്രതീക്ഷിക്കാതാവുകയാണു.
എന്റെ ഹൃദയം ശൈത്യത്തില്‍ നിന്നും, അഗ്നിയിലെക്കു മാറുന്നതു പോലെ..

ഞാന്‍ നിന്നെ സ്നേഹിക്കുന്നതു,
ഞാന്‍ നിന്നെ മാത്രമായി സ്നേഹിക്കുന്നതു കൊണ്ടു!

ഞാന്‍ നിന്നെ അത്യധികമായി വെറുക്കുന്നു.
അങ്ങനെ ഞാന്‍ വെറുക്കുന്നതു കൊണ്ടു തന്നെ, ഞാന്‍ നിന്റെ മുന്‍പില്‍ വഴങ്ങി പോകുന്നു.

എന്റെ നിന്നോടുള്ള സ്നേഹത്തിന്റെ പരിമാണം,
ഞാന്‍ നിന്നെ കാണാതെ തന്നെ, അന്ധമായി സ്നേഹിക്കുന്നു എന്നുള്ളതാണു.

ശൈത്യത്തിന്റെ കാഠിന്യം, എന്റെ ഹൃദയത്തിന്റെ ശാന്തതയുടെ താക്കോല്‍ കവര്‍ന്നെടുക്കുമായിരിക്കാം..

കഥയുടെ ഈ ഭാഗത്തു ഞാന്‍ മരിക്കേണ്ടതുണ്ട്‌.ഞാന്‍ മാത്രം!
ഞാന്‍ നിന്നെ സ്നേഹിക്കുന്നതുകൊണ്ടു, സ്നേഹത്തിനു വേണ്ടി മരിക്കുന്നു.
നിന്നെ സ്നേഹിക്കുന്നതു കൊണ്ടു,...
നിന്നെ സ്നേഹിക്കുന്നതുകൊണ്ടു മാത്രം!
അഗ്നിയിലും, ചുടുചോരയിലും ഉള്ള സ്നേഹം! ........


(പാബ്ലോ നെരുദയുടെ “I do not love you, except because I love you" എന്ന കവിതയോടു കടപ്പാടു.)

നീ എന്നെ മറന്നു പോയാല്‍....

എനിക്കു ഒരു കാര്യം അറിയേണ്ടി ഇരിക്കുന്നു
അതു എങ്ങനെ എന്നു നിനക്കറിയാം!
ഇല പൊഴിഞ്ഞ മരച്ചില്ലകള്‍ക്കിടയിലൂടി,
എന്റെ ജാലക വാതിലില്‍, സ്പടികാഭമായ പൂനിലാവിനെ നോക്കുമ്പോള്‍;
എരിഞ്ഞു തീരാറായ അഗ്നികുണ്ടത്തിലെ തടിക്കഷണങ്ങളില്‍,
പറ്റിപ്പിടിച്ചിരിക്കുന്ന നേര്‍ത്ത ചാരം,
അല്ലെങ്കില്‍ ആ ശുഷ്കിച്ച തടി,
എല്ലാം എന്നെ നിന്റെ അടുക്കലേക്കു വലിച്ചിഴക്കുന്നു.
വെളിച്ചവും, ശബ്ദവും, പരിമളവും, ലോഹവും, എല്ലാം തന്നെ,
എനിക്കുവെണ്ടി കാത്തിരിക്കുന്ന നിന്റെ സ്നേഹത്തിന്റെ തുരുത്തുകളിലേക്കു,
പായ്‌ വഞ്ചികളായി ഒഴുകിക്കൊണ്ടിരിക്കുകയാണു.

എന്നാല്‍, നീ ഇപ്പോള്‍ എന്നോടുള്ള അഭിനിവേശത്തിനു കുറേശ്ശെ
അവധി കൊടുക്കുകയാനെങ്കില്‍, ഞാന്‍ ഒന്നു പറയട്ടെ...
ഞാന്‍ കുറേശ്ശെ ആയി നിന്നെ സ്നേഹിക്കുന്നതു അവസാനിപ്പിക്കാം.
പൊടുന്നനവെ നീ എന്നെ മറക്കുമെങ്കില്‍,
നീ എന്നെ പിന്നീടു അന്വേഷിക്കെണ്ടി വരുകില്ല.
കാരണം, ഞാന്‍ അപ്പോഴെക്കും നിന്നെ മറന്നിരിക്കും.

എന്റെ ജീവിതതില്‍ കൂടി കടന്നു പോകുന്ന ജയാപജയങ്ങള്‍,
ദീര്‍ഘിച്ചു പോകുന്നു എന്നു കരുതി, നീ എന്നെ ,
എന്റെ ഹൃദയത്തെ വിട്ടൊഴിഞ്ഞു പോയാല്‍, നീ ഓര്‍മ്മിക്കുക...
ആ ദിവസം തന്നെ, ആ നാഴികയില്‍ തന്നെ,
ഞാന്‍ മറ്റൊരു സ്നേഹതീരം തേടി പോയിരിക്കും.

എന്നാല്‍ ഓരോ ദിവസവും, ഓരോ നാഴികയും,
നിന്റെ ലക്ഷ്യസ്ഥാനം എന്നിലാണെന്നു
നീ സ്നേഹപൂര്‍വം ചിന്തിക്കുമെങ്കില്‍;...
ഓരോ ദിവസവും, ഒരു പൂവു എന്നെ ഓര്‍ത്തു,
എനിക്കായി നിന്റെ ചുണ്ടിണയില്‍ നീ അമര്‍ത്തുമെങ്കില്‍...
എന്റെ ഓമനെ!..എന്റെ പ്രിയമുള്ളവളേ!
എന്നിലുള്ളതു ഒന്നും അണയാതെ, മറക്കാതെ,
എന്റെ അനശ്വരമായ ഈ സ്നേഹം,
നിന്റെ സ്നേഹാമൃതത്താല്‍ നീ ഊട്ടികൊണ്ടു,
നിന്റെ കരവലയത്തില്‍ തന്നെ ഇരിക്കും..
എന്നില്‍ നിന്നും അകലാതെ തന്നെ.......

(പാബ്ലോ നെരൂദ യുടെ “If you forget me" എന്ന കവിതയോടു കടപ്പാടു.)

Saturday, March 08, 2008

ഒരു കത്തു.....


ആ രാവില്‍ നിന്നോടു യാത്ര ചൊല്ലുന്നേരം നിന്‍
ആത്മാവിന്നഴല്‍ പൂണ്ട മൂകവേദന ചൂഴും,
അശ്രുപൂര്‍ണ്ണമായോരാ മിഴിതുമ്പിലെങ്ങോ കണ്ടു
നിന്നുള്ളില്‍ തുളുമ്പുന്ന സ്നേഹത്തിന്‍ പ്രഭാപൂരം.
മിഴിനീരടക്കാനായ്‌ നീ വൃഥാ ശ്രമിച്ചിട്ടും
ഒഴുകും നിന്‍ രാഗോന്മാദം, പീയൂഷ ധാരയായെന്നി-
ലനുരാഗ നിര്‍വൃതി തന്‍ അലമാലയായിത്തീര്‍ന്നു.
നിന്‍ മിഴിക്കോണില്‍ നിന്നുതിരും തേന്‍ കണികകള്‍
വിറപൂണ്ടെന്നധരങ്ങള്‍ കവര്‍ന്നെടുത്തു.
വിതുമ്പും വിഷാദത്തിന്‍ നെടുവീര്‍പ്പുകളെല്ലാം
ചുംബനപ്പൂക്കളായെന്റെ നെഞ്ചില്‍ നീ ഉഴിഞ്ഞില്ലേ?

ഭഗ്ന മോഹങ്ങളാകും മൗനവാല്മീകത്തിനുള്ളില്‍ നിന്റെ
തപ്ത നിശ്വാസങ്ങള്‍ ഉതിര്‍ന്നൊരാ ഉഷ സന്ധ്യയില്‍
കളിയായ്‌, ചിരിയായ്‌, പിന്നെ പിണക്കങ്ങളിണക്കങ്ങള്‍
നിറമാല ചാര്‍ത്തി നിന്നാ പുളകത്തിന്‍ പൂനിലാവില്‍,
വിരിയും കിനാക്കളെ തഴുകിത്തലോടി നാം,
മന്മഥ മോഹങ്ങള്‍ തന്‍ മധുരം നുണഞ്ഞില്ലേ?

കത്തിയെരിയുമീ ഗ്രീഷ്മ രാവിന്റെ എകാന്തമാം,
ഹൃത്തില്‍ നിറയുമൊരു തരളമാം സ്മൃതികളെന്‍
തണലായി മരുവുന്നീ ചൂടുമരുഭൂവിതില്‍ എന്നും
കുളിരായി, നിനവിലെ കിനിയും മധുരമായ്‌
നിറയുന്നു, ഞാനതില്‍ അലിയുന്നു, പിന്നെയും
തിരയുന്നു നിന്നാര്‍ദ്ര നയനങ്ങളെ.
കരയല്ലേ മല്‍സഖീ! നിറയല്ലേ നിന്‍ മിഴി
പിടയുന്ന വിരഹത്തിന്‍ കരളിലേ നൊമ്പരം
ഇനി വേഗം തീര്‍ന്നിടും, വരവായി ഞാന്‍....

Sunday, March 02, 2008

കാതരയായ്‌...

മാമകാത്മാവിന്റെ ഉള്ളിലേ,രാഗാഗ്നിയെന്‍
ദേവാ, നീ അണയ്ക്കുവാന്‍ വൈകുന്നതെന്തേ ഇന്നും?
കാലത്തിന്‍ കരാംഗുലി മായ്ക്കുന്ന ചിത്രങ്ങളെന്‍
ഭാവനാ പൂരിതമാം മാനസം വരക്കുന്നു.
എത്രമേല്‍ വാസന്ത രാത്രികള്‍, എകാന്ത ഞാന്‍,
എന്‍ കരള്‍ കൂമ്പിന്നുള്ളിലുറയും മാധുര്യമാം
മുഗ്ദ്ധാനുരാഗപ്രവാഹ സ്മൃതികളെ
കാതരയായ്‌ ഞാന്‍ കാത്തു, കാത്തിരുന്നീടണം?

പ്രാണനിലെനിക്കെന്നും പൊന്നോമല്‍ ഹര്‍ഷങ്ങളെ,
സാന്ദ്രമായ്‌, സുഗന്ധമായ്‌ തഴുകുന്നൊരനുരാഗ-
ക്കുളിരോലും, നിന്‍ സ്വരം കേട്ടീടുവാന്‍, ദര്‍ശനം മോഹിക്കുന്ന
രാഗാര്‍ദ്ര ഹൃദയത്തെ നീ സ്വയം മറന്നുവോ?
ദേവാ, നിന്നനുരാഗം വിസ്മൃതിക്കുള്ളില്‍ മാഞ്ഞോ?

ഓര്‍മ്മ തന്നോളങ്ങളില്‍ നീന്തി ഞാന്‍ കൈകാല്‍ കുഴ-
ഞ്ഞൊരോരോ മാത്ര തോറും ഖിന്നയായ്‌ മേവീടുന്നു.
നീ ഒരു ദുഃഖസ്മരണയായെന്നാത്മാവിന്‍
നോവിന്റെ ഉള്ളില്‍ തുടിക്കുന്ന ഗദ്ഗദം,
മോഹമായ്, വിരഹ നൊമ്പരമായ്‌,താപമായ്‌,
മിഴികളില്‍ അശ്രുവായ്‌,പാഴാകുന്നൊരീ ജന്മമായ്‌
തീര്‍ന്നെങ്കിലും, എന്നെ നീ മറക്കില്ലെന്നുള്ളോരു നിനവില്‍ ഞാ-
നെന്നും കാത്തിരിപ്പൂ നിന്‍ പാദ സ്വനത്തിന്റെ
സ്വരരാഗ സുധയെ ശ്രവിച്ചീടാന്‍.

കനിവോലും താവക മധുമന്ദഹാസത്തിന്‍
പ്രഭയില്‍ ഞാനെന്നെ മറന്നൊരാ രാവുകള്‍
ഇനിയുമെനിക്കത്മാവില്‍ ചിരകാലം സൂക്ഷിക്കാന്‍
അരികില്‍ നീ വരുകില്ലേ, അകതാരില്‍ നിറയില്ലേ?