Wednesday, March 26, 2008

അനുരാഗമാത്മാവില്‍...

അറിയാതെന്നാത്മാവില്‍ നിറമാല ചാര്‍ത്തുന്നൊ
രനുരാഗ പുഷ്പമേ നീയെനിക്കിന്ന
തിരറ്റ ലാവണ്യ ധാരയായ്‌ തീര്‍ന്നെന്റ
അഴലിന്‍ മാറാലകള്‍ മായ്ച്ചതില്ലേ?

നഷ്ടവസന്ത സ്മൃതികളെന്‍ ഹൃത്തതില്‍ ‍തൊട്ടുണര്‍ത്തീടുമാ
തപ്താനുരാഗവികാരങ്ങളെ ഞാന്‍
തപ്പി എടുത്തുംകൊണ്ടെന്നന്തരാത്മാവില്‍
കെട്ടിപ്പുണര്‍ന്നോമല്‍ നിര്‍വൃതി തേടുന്നു.

നിര്‍ന്നിദ്രമായൊരെന്നേകാന്ത രാത്രിയില്‍
മാത്രകള്‍ തോറും അലയടിച്ചെത്തുന്ന
മുഗ്ദാനുരാഗ മരീചികള്‍ തന്‍,
ജ്വാലകള്‍ ‍എന്‍ കരള്‍ ‍കാമ്പിന്റെ വിങ്ങലായാ-
ത്മാവിന്‍ മൃത്യു സങ്കീര്‍ത്തനമായ്.

അനുരാഗ സംഗീതമാത്മാവില്‍ വിടരുന്നൊരനുഭൂതി
എന്നില്‍ നീ ഉളവാക്കി, പിന്നെ നീ
പുലരുമ്പോള്‍ പൊലിയുന്നൊരോമല്‍ കിനാവായി
ട്ടെവിടെയോ പോയെന്നെ എകാന്തയാക്കി നീ.....

2 comments:

Kunjubi said...

അനുരാഗ സംഗീതമാത്മാവില്‍ വിടരുന്നൊരനുഭൂതി
എന്നില്‍ നീ ഉളവാക്കി, പിന്നെ നീ
പുലരുമ്പോള്‍ പൊലിയുന്നൊരോമല്‍ കിനാവായി
ട്ടെവിടെയോ പോയെന്നെ എകാന്തയാക്കി നീ.....
“പ്രണയമാത്മാവിന്‍ പ്രണവം!ശാശ്വത നിരഘ നിര്‍വാണ കേന്ദ്രം!
ഗുണികളില്ലതിന്‍ മഹിമ കാണുവാനുലകിലിപ്പൊഴെന്‍ തോഴീ.“ വായിക്കൂ...പ്രണയിക്കൂ.

ലീല എം ചന്ദ്രന്‍.. said...

നിര്‍ന്നിദ്രമായൊരെന്നേകാന്ത രാത്രിയില്‍
മാത്രകള്‍ തോറും അലയടിച്ചെത്തുന്ന
മുഗ്ദാനുരാഗ മരീചികള്‍ തന്‍,
ജ്വാലകള്‍ ‍എന്‍ കരള്‍ ‍കാമ്പിന്റെ വിങ്ങലായാ-
ത്മാവിന്‍ മൃത്യു സങ്കീര്‍ത്തനമായ്.