
പൗര്‍ണമി നിലാവിന്റെ ആര്‍ദ്രമാം കവിള്‍പ്പൂവില്‍
നിന്‍ സ്നേഹം നിറഞ്ഞൊരാ പൂവിരല്‍ തലോടുമ്പോള്‍
അറിയാതേതൊ സ്വപ്നഭൂവില്‍ഞാന്‍ തിര നീന്തി
വിതുമ്പും മനസുമായ് നിന്‍ മിഴിപ്പൂവില്‍ കാണ്മൂ..
കരളില്‍ പ്രഭാപൂരം നിറയെ പരത്തുന്നോരണി
നിലാത്തിരിയിട്ട മണിവിളക്കൊന്നിന്‍ നാളം!
യമുനാ നദി തന്‍ കുളിരായ്, നിനവിലെന്നും നിറയും,
നിന്‍ നറുതേന്‍ വഴിയും, സ്വരരാഗ ദീപ്തികള്‍.
വാസര സ്വപ്നങ്ങള്‍ തന്‍പൂവിതള്‍ വിടര്‍ത്തികൊണ്ടാ-
യിരം ശ്രുതികള്‍ നീ മീട്ടുന്നെന്‍ പൊന്‍ വീണയില്‍.
ഉള്ളിന്റെ ഉള്ളില്‍ നിന്റെ സ്നേഹത്തിന്‍ മയൂരങ്ങള്‍
നിറയും വസന്തത്തിന്‍, ലാസ്യ നര്‍ത്തനമാടി.
അറിയാതെന്നാത്മാവില്‍ എന്നും ഞാന്‍ രചിക്കുന്നോ-
രനുരാഗത്തിന്‍ കാവ്യം ആലപിക്കുന്നെന്‍ നാദം.
വഴിയും സ്നേഹത്തിന്റെ പൊന്‍നിലാ കിരണങ്ങള്‍
താമരത്തളിരിലേ വാരിളം മുത്തുപോലെ
തെളിയും, നിന്നാത്മാവില്‍നിറയും
മോഹപുഷ്പങ്ങളായ്, വിടരും
എന്നെന്നും ഒരപൂര്‍വ്വ സംഗമമായി!