Saturday, March 08, 2008

ഒരു കത്തു.....


ആ രാവില്‍ നിന്നോടു യാത്ര ചൊല്ലുന്നേരം നിന്‍
ആത്മാവിന്നഴല്‍ പൂണ്ട മൂകവേദന ചൂഴും,
അശ്രുപൂര്‍ണ്ണമായോരാ മിഴിതുമ്പിലെങ്ങോ കണ്ടു
നിന്നുള്ളില്‍ തുളുമ്പുന്ന സ്നേഹത്തിന്‍ പ്രഭാപൂരം.
മിഴിനീരടക്കാനായ്‌ നീ വൃഥാ ശ്രമിച്ചിട്ടും
ഒഴുകും നിന്‍ രാഗോന്മാദം, പീയൂഷ ധാരയായെന്നി-
ലനുരാഗ നിര്‍വൃതി തന്‍ അലമാലയായിത്തീര്‍ന്നു.
നിന്‍ മിഴിക്കോണില്‍ നിന്നുതിരും തേന്‍ കണികകള്‍
വിറപൂണ്ടെന്നധരങ്ങള്‍ കവര്‍ന്നെടുത്തു.
വിതുമ്പും വിഷാദത്തിന്‍ നെടുവീര്‍പ്പുകളെല്ലാം
ചുംബനപ്പൂക്കളായെന്റെ നെഞ്ചില്‍ നീ ഉഴിഞ്ഞില്ലേ?

ഭഗ്ന മോഹങ്ങളാകും മൗനവാല്മീകത്തിനുള്ളില്‍ നിന്റെ
തപ്ത നിശ്വാസങ്ങള്‍ ഉതിര്‍ന്നൊരാ ഉഷ സന്ധ്യയില്‍
കളിയായ്‌, ചിരിയായ്‌, പിന്നെ പിണക്കങ്ങളിണക്കങ്ങള്‍
നിറമാല ചാര്‍ത്തി നിന്നാ പുളകത്തിന്‍ പൂനിലാവില്‍,
വിരിയും കിനാക്കളെ തഴുകിത്തലോടി നാം,
മന്മഥ മോഹങ്ങള്‍ തന്‍ മധുരം നുണഞ്ഞില്ലേ?

കത്തിയെരിയുമീ ഗ്രീഷ്മ രാവിന്റെ എകാന്തമാം,
ഹൃത്തില്‍ നിറയുമൊരു തരളമാം സ്മൃതികളെന്‍
തണലായി മരുവുന്നീ ചൂടുമരുഭൂവിതില്‍ എന്നും
കുളിരായി, നിനവിലെ കിനിയും മധുരമായ്‌
നിറയുന്നു, ഞാനതില്‍ അലിയുന്നു, പിന്നെയും
തിരയുന്നു നിന്നാര്‍ദ്ര നയനങ്ങളെ.
കരയല്ലേ മല്‍സഖീ! നിറയല്ലേ നിന്‍ മിഴി
പിടയുന്ന വിരഹത്തിന്‍ കരളിലേ നൊമ്പരം
ഇനി വേഗം തീര്‍ന്നിടും, വരവായി ഞാന്‍....