Monday, November 26, 2007

ശില്പിയുടെ ദുഃഖം........


1
ഞാനിനി സ്പര്‍ശിക്കില്ല, കല്ലുളി ദൈവങ്ങള്‍‍ തന്‍
കോലങ്ങള്‍ തയ്യാറാക്കി,കോവിലില്‍ പ്രതിഷ്ഠിക്കാന്‍.
കൃഷ്ണനെ,ശ്രീരാമനെ,ശിവനെ, ശ്രീ ദുര്‍ഗയെ
സൃഷ്ടിക്കും കരങ്ങളില്‍ കരുത്തില്ലശേഷവും.
പാറയില്‍ കൊത്തി കൊത്തി തളര്‍ന്നൊരീ കയ്യിലേ
പാടുകള്‍‍ നോക്കി കാലം പോക്കുമീ പണിക്കാരന്‍.
ഒട്ടിയ വയറുമായ് ഒട്ടേറെയലഞ്ഞു ഞാന്‍
വറ്റിന്റെ കൊതിയുമായ് ശ്രീ കോവില്‍ നടകളില്‍.
ഭാരത സംസ്കാരത്തിന്‍ ശ്രീ കോവില്‍ കവാടങ്ങള്‍‍
പാവം, ഈ ശില്പിക്കായി തുറന്നില്ലൊരിടത്തും.
കോവിലിന്നുള്ളില്‍ ദേവ വിഗ്രഹം പ്രതാപിയായ്
കോടാനുകോടി ഭക്തര്‍ക്കാശ്വാസം നല്‍കീടവേ
കേവലമൊരു തുള്ളി ദാഹനീര്‍ കൊതിച്ചൊരെന്‍
ചേതന‍ പിടഞ്ഞിട്ടും, തന്നതില്ലാരും തീര്‍ത്ഥം
ഞാനാണു ശിലകളെ ദൈവങ്ങളാക്കി തീര്‍ത്തോന്‍
കണ്ടിട്ടും കണ്ടീടാതെ, കേട്ടിട്ടും കേട്ടീടാതെ
കല്ലിലെ ദൈവങ്ങളിന്നെങ്ങുമെ വിങ്ങീടുന്നു.
നടകള്‍‍ തുറന്നില്ല, നടയില്‍ തേങ്ങുന്നോരു
വ്യഥ തന്‍ വിലാപങ്ങള്‍ കേള്‍ക്കുന്നില്ലിന്നോളവും.
തോളത്തു നൂണ്ട സഞ്ചിക്കുള്ളിലിപ്പൊഴുമുണ്ടാ
ദേവതാ രൂപങ്ങളെ പണിതോരെന്നായുധം.
മൂര്‍ച്ച പോയെങ്കിലും ഞാന്‍, വെടിഞ്ഞില്ലിതേ വരെ
മൂര്‍ത്തി‍കള്‍ക്കറ്റകുറ്റപ്പണികള്‍ വേണെങ്കിലോ?
ആല്‍ത്തറ തോറും അന്തി ഉറങ്ങി വിറപ്പൂ ഞാന്‍
ആര്‍ത്തനായ്, രോഗ ഗ്രസ്ഥനായ് ശയിക്കവേ
ഓര്‍ക്കുമാറുണ്ടെപ്പോഴും ഓമന പ്രതിഷ്ഠയോ-
ടോരോരോ പ്രതിമകള്‍‍ തീര്‍ത്തൊരാ പണ്ടേക്കാലം......

1 comment:

Unknown said...

ശില്‍പ്പിയുടെ ദുഃഖം...ഈ കവിത നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.എനിക്കു പ്രിയപ്പെട്ട ഒരാള്‍ എന്റെ കയ്യില്‍ 12 വര്‍ഷങ്ങള്‍ക്കു മുന്നില്‍ എഴുതി തന്നതാണ്‍. ഒരഭിപ്രായം പറയാനായി‍.. പിന്നെ ആ ആളിനെ ഇതെവരെ കണ്ടിട്ടില്ല. ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിഞ്ഞു കൂടാ...ലോകം വളരെ ചെറുതായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു പക്ഷെ ഇതു അയാളും കണ്ടെന്നിരിക്കും... ആ അജ്ഞാത സുഹൃത്തിന്റെ ഓര്‍മ്മക്കായി..ഇതാ...