
അറിയാതെ നീ എന്റെ മാനസ ക്ഷേത്രത്തിലൊരു
തിരിവെട്ടം പകർന്നു തന്നു.
ദിവ്യാനുഭൂതികള്‍ എന്‍ ചിത്തമാകവേ
വർണ്ണവിരാജികള്‍ വരച്ചു ചേര്ത്തു.
നിന്‍ കര ലാളന നിർവൃതിക്കുളിൽ ഞാനെ-
ന്നേ മറന്നെന്റെ പൊന്നിന്‍ കിനാക്കളേ
പ്രേമാർദ്ര സങ്കൽപ്പ സുന്ദരമാകുമൊരേകാന്ത
രാവിന്റെ രാഗ ലഹരിയായ്
താലോലിച്ചൊമനിച്ചുമ്മ വച്ചോ-.
രാമോദമെന്നില്‍ നിറഞ്ഞുനിന്നു.
താരണിച്ചന്ദ്രികച്ചാറൊളി പൂശുമാ
മഞ്ഞലക്കുള്ളിലെ സൗന്ദര്യവും,
മാസ്മരമാകുമാ പൊന്നുഷസ്സന്ധ്യതന്‍
ചാരുവർണ്ണാങ്കിത മാധുര്യവും,
മാമരച്ചാർത്തിന്റെ ഉള്ളില്‍ നിറഞ്ഞൊരാ
ഹേമന്ത വാസന്ത ചൈതന്യവും,
ചാരു മനോഹര സങ്കൽപ്പ ധാരയില്‍
നവ്യസുഗന്ധങ്ങളായണഞ്ഞു.
എന്നന്തരംഗത്തിന്നങ്കണമാകവെ
പൊന്മയിൽ പേടകള്‍ നൃത്തമാടി.
കാലത്തിന്നഞ്ജാതമാം യവനികക്കുള്ളിലെന്റെ
പ്രേമസങ്കൽപ്പങ്ങള്‍ പൊലിഞ്ഞുപോയി.
മായുന്ന ജീവിതത്താരയില്‍ മോഹത്തിന്‍
സൗവ്വർണ്ണപ്പൂക്കള്‍ കൊഴിഞ്ഞു വീണു.
ഒന്നുരിയാടുവാന്‍ കാത്തു നിൽക്കാതെ നീ
എന്നില്‍ നിന്നെങ്ങൊ നടന്നകന്നു.
ഒന്നുമറിയാതെ ഒറ്റയ്ക്കു ഞാനിന്നീ കണ്ണീര്‍
കണങ്ങൾക്കു സ്വന്തമായീ.
നിന്‍ പാദസ്വനമൊന്നു കേൾക്കുവനാശിച്ചെന്റെ
അന്തരാത്മാവിന്നും കേഴുന്നു വിലോലമായ്
ഒരു നറു തുളസിക്കതിരായി നിന്നെന്നും നിനക്കാ-
യൊരു കർപ്പൂരദീപമായെരിഞ്ഞുതീരാം..........
No comments:
Post a Comment