
കരളിലെ കുളിരിന്റെ മുഗ്ദമാം ഉഛ്വാസ്സങ്ങള്‍
തിരയുന്നുണ്ടു നിന്നെ കടലിലേ പുഴ പോലെ.
പുളിനത്തെ പുല്‍കുന്ന പുഴയായി,നദിയായി
അലറിക്കൊണ്ടണയുന്ന സാഗരത്തിരയായി
പ്രിയനേ, നിന്‍ മുന്നിലെന്‍ തപ്ത ബാഷ്പാഞ്ജലി!
നിറവാര്‍ന്ന ഹൃദയത്തിന്‍ രക്തപുഷ്പാഞ്ജലി!
വിരഹാര്‍ദ്ര നൊമ്പരപ്പൂക്കളാമശ്രുക്കള്‍
മുറിവേറ്റൊരാത്മാവിന്‍ ഗദ്ഗദങ്ങള്‍...
രാഗലോലനായ് നീ എന്നന്തികേ കടന്നുവന്നാ-
ലോലമാത്മാവിന്റെ ഉള്ളിലേക്കിറങ്ങിയ-
തോര്‍ത്തു, തന്നാലസ്യത്തില്‍ ലീനയായിരിക്കുന്നീ-
തോരോരോ സങ്കല്‍പ്പത്തിന്‍ ശയ്യയിലേകാന്തയായ്.
ഇടറുന്നൊരിടനെഞ്ചില്‍ തടയുന്ന വാക്കുകള്‍
ഉലയുന്ന മിഴി ഇതള്‍, പൊരുളറ്റ ശബ്ദങ്ങള്‍
വിറ പൂണ്ട ചുണ്ടുകള്‍, സ്നേഹാര്‍ദ്രസാന്ദ്രമാം നെടുവീര്‍പ്പുകള്‍
ഹൃദയത്തിന്‍ നെടുവീര്‍പ്പില്‍ തുളുമ്പുമീ മിഴിനീരും...
നുരയുന്ന മോഹങ്ങള്‍,നിറയുന്ന കണ്ണൂകള്‍
കൊഴിയുന്നൊരശ്രുക്കള്‍, മിഴി കൂമ്പും നിമിഷങ്ങള്‍
തരളമാം മാനസ്സം,തഴുകുന്ന നൊമ്പരം
തളരുന്ന മേനിയില്‍ തൂവേര്‍പ്പിന്‍ മുത്തുകള്‍
കരളില്‍ വിതുമ്പുന്ന ,മധുരാശ്രു വഴിയുന്ന
അസുലഭ യാമങ്ങള്‍, അനുപമ ലാവണ്യ ധോരണികള്‍.
അനുഭൂതി നിറയുന്ന മധുമാരി പകരുന്ന
മഴവില്ലിന്‍ ചാരുത; സിരകളിന്‍ മരവിപ്പില്‍
ചിറകറ്റ പ്രഞ്ജയില്‍ കുതിരുന്ന പുളകങ്ങള്‍.
പിടയുന്ന ജീവന്റെ തളിരിട്ടൊരോര്‍മ്മയില്‍
നിറയുന്ന രാഗത്തിന്‍ സൗവര്‍ണ്ണ ദീപിക
നിഴലിട്ടൊരാനനം; എന്‍ സ്വപ്ന ഭൂമിയില്‍
പൂത്തുലയുന്നൊര പ്രേമവൃന്ദാവന സീമയതില്‍
നിന്നുറവാര്‍ന്നിടും പുളകതന്തുക്കളില്‍
രാഗമായ് തെളിയുന്നൊരല മാഞ്ഞു പോകുന്നു
നിശ്ചലമാകുന്നൊരീ പ്രേമനിര്‍വൃതിയ്ക്കുള്ളില്‍...
No comments:
Post a Comment