Sunday, September 12, 2010

സാന്ധ്യ നക്ഷത്രം...



അന്നൊരു സാന്ധ്യ നക്ഷത്രം കണക്കെ നീ
അമ്പല മുറ്റത്തേ കല്‍വിളക്കിന്‍ മുന്‍പില്‍
അര്‍ദ്ധ നിമീലിത നേത്രയായ് സാദരം,
കൈക്കുമ്പിളിൽ ഏന്തുന്ന തീര്‍ത്ഥവും,
കീറനിലച്ചാര്‍ത്തിലെ ചന്ദനച്ചാറണിപ്പൂവും,
പ്രസാദവും, കയാമ്പൂ കണ്ണിലെ കര്‍പ്പൂര ജ്വാലയും
ഈറനണിഞ്ഞ മുടിച്ചാര്‍ത്തിനുള്ളിലേ
കൃഷ്ണത്തുളസിക്കതിരും,
കനകാംബരസൂനവും, ചാര്‍ത്തി
വന്നനുരാഗലോലയായ് നിന്നു
നീ അന്നൊരു മാദക സ്വപ്നമായ് .
നിന്നൊമല്‍ രാഗ മന്ദസ്മിതാനുഭൂതിയില്‍
കൈവല്യം നേടിയെന്നന്തരാത്മാവന്നു!.

ആയിരം തങ്ക കിനാക്കള്‍ വിടര്‍ന്നൊരു
മായിക ലോകമായ് തീർന്നെന്റെ മാനസം.
അന്നെന്റെ മോഹങ്ങളുന്മാദമായൊരു
വിണ്ണിന്റെ നിര്‍വ്വാണ സംഗീത ധാരയായ്
പ്രാണനും, പ്രാണനും തമ്മിലാശ്ലേഷിക്കുമൊ-
രാനന്ദ സാന്ദ്രമാം മഞ്ജീര ശിഞ്ജിതം.
നിന്‍ സ്നേഹ പുഷ്പാങ്കുരങ്ങളില്‍ ഞാനിന്നു
തേടുന്നു‍ പൊന്‍പരാഗങ്ങളെ, ഞാനെന്റെ
രാവുകള്‍ നീന്തി വന്നെത്തുന്നൊരമ്പിളി-
പ്പൂവിലലിയുമാ ചന്ദ്രകാന്തത്തിനെ.

നീ എന്നുമെന്റെ മന‍സിന്റെ വിങ്ങലായ്
അവ്യക്തമാമൊരു കവിതയായ്,
പിന്നെ മധുരം നുരയുന്ന മോഹമായ്,
ചന്ദനക്കുളിര്‍ മഞ്ഞു തഴുകുന്ന പൂങ്കാറ്റാ-
യൊഴുകുമൊരുമൌന ഗാനമായ്
എന്നന്തികത്തിൽ വരൂ നീ, വന ജ്യോത്സ്നേ!..

2 comments:

lekshmi. lachu said...

നീ എന്നുമെന്റെ മന‍സിന്റെ വിങ്ങലായ്
അവ്യക്തമാമൊരു കവിതയായ്,
പിന്നെ മധുരം നുരയുന്ന മോഹമായ്,
ചന്ദനക്കുളിര്‍ മഞ്ഞു തഴുകുന്ന പൂങ്കാറ്റാ-
യൊഴുകുമൊരുമൌന ഗാനമായ്..
ee varikal eshtamaayi...

Unknown said...

ലച്ചു...
ഒരുപാടു താമസിച്ചു ഇതൊന്നു കാണുവാൻ. ക്ഷമിക്കണെ. കവിത ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ
വളരെ സന്തോഷം.. നന്ദി.. ഇനിയും വായിക്കണേ...