Monday, February 25, 2008

യാത്രാമൊഴി...

എന്നുമെന്‍ സങ്കല്‍പ്പത്തിന്‍ പൂത്തിരി കൊളുത്തിക്കൊണ്ടെന്‍
കരള്‍ തുടിപ്പിന്റെ രോമാഞ്ചമായി നില്‍ക്കും
സുന്ദരീ, നിന്നോര്‍മ്മയില്‍ ഖിന്നമായൊരു ഹൃത്തിന്‍
മുഗ്ദമാമീ നിശ്വാസം, നന്മകള്‍ നേരുന്നെന്നും.

തളരുന്ന സിരകളില്‍‍ തഴുകുന്ന മാധുര്യ സ്മൃതി
എന്റെ പ്രാണന്റെ തിരിനാളം അണയാതെ
കാത്തുകൊണ്ടരികിലെന്‍ തുണയായി
മരുവുന്നു ഞാനതില്‍ അറിയാതെ നിര്‍വൃതി നേടിടുന്നു.

എന്നുമെന്‍ കിനാവുകള്‍, എന്നുമെന്‍ വ്യാമോഹങ്ങള്‍,
എന്നുള്ളിന്നുള്ളിലെന്നുമൂറും സ്നേഹത്തിന്‍ മഞ്ജരികള്‍,
നിറയും ദുഃഖത്തിന്റെ ചുടുനൊമ്പരപ്പൂക്കള്‍
അഴകേ, നിന്‍ പാതയില്‍ വിരിപ്പൂ പൊന്‍ പൂക്കളായ്‌.

നീ ഇങ്ങു വന്നില്ലെങ്കില്‍, ഇനി നാം ഒരിക്കലും
കാണാതെ, ഈ ജന്മത്തിന്‍ തിരശീല തന്നുള്ളി-
ലെങ്ങൊ പൊയ്‌ മറഞ്ഞാലും
നമ്മള്‍ തന്നപൂര്‍ണ്ണമാമനുരാഗമോര്‍ത്തീ നിന്റെ
മാനസം കരയല്ലേ, മല്‍സഖീ, വിട ചൊല്‍ വൂ.

ഇനിയും എത്രയോ ജനിമൃതികള്‍, ഈ വിശ്വത്തിന്‍
ചൈതന്യം നിറവേറ്റും,പിന്നെയും ജന്മ ജന്മാന്തരങ്ങള്‍
പൂക്കും വേളയില്‍ ഒരിക്കല്‍ നാം, കണ്ടുമുട്ടീടും, അന്നെന്‍,
കരളേ, പിരിയില്ല; വീണ്ടും നാം ഒരുമിക്കും.

1 comment:

Anonymous said...

എന്നുമെന്‍ സങ്കല്‍പ്പത്തിന്‍ പൂത്തിരി കൊളുത്തിക്കൊണ്ടെന്‍
കരള്‍ തുടിപ്പിന്റെ രോമാഞ്ചമായി നില്‍ക്കും
സുന്ദരീ.............എന്നുമെന്‍ കിനാവുകള്‍, എന്നുമെന്‍ വ്യാമോഹങ്ങള്‍,
എന്നുള്ളിന്നുള്ളിലെന്നുമൂറും സ്നേഹത്തിന്‍ മഞ്ജരികള്‍,
നിറയും ദുഃഖത്തിന്റെ ചുടുനൊമ്പരപ്പൂക്കള്‍
അഴകേ, നിന്‍ പാതയില്‍ വിരിപ്പൂ പൊന്‍ പൂക്കളായ്‌.
...”ഒരുനാളുമീ വഴിത്താരയില്‍ ഞാന്‍ കാക്കും
കനമാര്‍ന്ന കാലൊച്ച എത്തുകില്ലേ?” വായിക്കൂ.