Tuesday, March 18, 2008

കരളിലൊരായിരം പൂമുല്ല...


കരളിലൊരായിരം പൂമുല്ല പൂത്തുനിന്ന-
നുരാഗലോലയായ്‌ അരികില്‍ നീ എത്തുമ്പോള്‍
അരുതാത്ത മോഹങ്ങളുണരുന്നെന്നുള്ളീലു-
ണ്ടറിയാത്ത മാനസ ചാപല്യങ്ങള്‍.

നിരുപമാമായൊരു നിര്‍വൃതി തന്‍
നിറുകയില്‍ നാമൊന്നായമര്‍ന്നിടുമ്പോള്‍
നിന്‍, അനുരാഗലാവണ്യ മാധുരിതന്‍
നിറദീപ നാളം തെളിഞ്ഞു നില്‍ക്കും.

ജലകണമുള്ളില്‍ നിറയും മുകിലിന്റെ
ചിരിയല്ലേ വിദ്യുല്‍ ലതികയെല്ലാം?
മഴയുടെ കുളിരോലും പരിരംഭണത്തില്‍
നിന്നുതിരുന്നു മണ്ണിന്റെ മദജലസൗരഭം.

നിന്‍ ചെഞ്ചൊടികളിലെന്നും തളിര്‍ക്കുന്ന
മന്ദഹാസത്തിന്റെ ചെമ്പനീര്‍ പൂക്കളെ
ചുടുചുംബനം കൊണ്ടു നുള്ളി എടുക്കുവാനെ-
ന്നുള്ളിന്റെയുള്ളിലൊരുന്മാദമുണരുന്നു.

അകലത്തിരുന്നു ഞാനാശിക്കുമീ പ്രേമസുരഭില
മോഹങ്ങള്‍ക്കറുതി ഇല്ലൊരു നാളും
എങ്കിലുംനീ ഇന്നതറിയാതിരിക്കരുതെന്നുള്ള-
തോര്‍ത്തു ഞാനീ‍ വരികള്‍ കുറിക്കുന്നതോര്‍ക്ക നീ ഓമനേ!

1 comment:

Unknown said...

അനുരാഗലോലയായ്‌ അരികില്‍ നീ എത്തുമ്പോള്‍
അരുതാത്ത മോഹങ്ങളുണരുന്നെന്നുള്ളീലു-
ണ്ടറിയാത്ത മാനസ ചാപല്യങ്ങള്‍......മഴയുടെ കുളിരോലും പരിരംഭണത്തില്‍
നിന്നുതിരുന്നു മണ്ണിന്റെ മദജലസൗരഭം.എങ്കിലുംനീ ഇന്നതറിയാതിരിക്കരുതെന്നുള്ള-
തോര്‍ത്തു ഞാനീ‍ വരികള്‍ കുറിക്കുന്നതോര്‍ക്ക നീ ഓമനേ!

വായിക്കൂ. പ്രേമിക്കൂ.സ്നേഹം ആസ്വദിക്കൂ.