Monday, November 26, 2007

ശില്‍പ്പിയുടെ ദുഃഖം (2)

2

കൈപ്പിഴ എതും കൂടാതെത്രയോ ശില്‍പ്പങ്ങളെ
കൈവിരല്‍ തുമ്പാല്‍ തീര്‍ത്ത ശില്‍പ്പി ഞാനശരണന്‍.
അമ്പല കാര്യക്കാര്‍ വന്നെന്‍ പുകള്‍ പാടീട്ടെത്ര
പഞ്ച ലോഹ ബിംബങ്ങള്‍ തീര്‍പ്പിച്ചു സമര്‍ത്ഥമായ്
ഭാരമായ് തേങ്ങിതേങ്ങി തെരുവിലലയവേ
അമ്പല കാര്യക്കാരെ കണ്ടു ഞാന്‍ കാറില്‍ പായും
മന്ത്രിയേ,എമ്മെല്ലേയേ,കണ്ടില്ലെന്നേ അന്നാരും.
പൂണൂലിന്‍ ചരടിനാല്‍ ദൈവത്തെ തളച്ചീടും
പൂജാരി, പൌരൊഹിത്യ മേധാവി കണ്ടില്ലെന്നെ.
കണ്ടു ഞാന്‍ പൂജാരിയെ ദേവസ്വം ബോര്‍ഡാഫീസില്‍
അഞ്ചു ലക്ഷത്തിന്‍ ‘ചെക്കു‘, കൈക്കൂലി നല്‍കാന്‍ നില്‍ക്കെ,
രണ്ടു കൊല്ലത്തേക്കെന്റെ വിഗ്രഹം പൂജിക്കുവാന്‍.
അഞ്ചു ലക്ഷമോ കോഴ, ഞെട്ടി ഞാന്‍ അറിയാതെ.
നാട്ടിലേ പ്രമാണിമാര്‍, ഉദ്യോഗ പ്രഭുക്കന്മാര്‍,
വാറ്റുകാര്‍, തട്ടിപ്പുകാര്‍,ഭരിക്കുന്നവര്‍ക്കൊക്കെ
ഉള്ളഴിഞ്ഞനുഗ്രഹം നല്‍കീടും ദൈവം തന്റെ
ഉള്ളിലെ കണ്‍കോണിനാല്‍ നോക്കിയില്ലെന്നെ മാത്രം.
നാലു പേര്‍ കൂടുന്നിടത്തൊക്കെയും വികാരവും
ദേഹവും വില്‍ക്കുന്നോരഭിസാരികാ രത്നങ്ങളെ
ഗൂഢരോഗപീഡകളേല്‍ക്കാതെന്നും കാക്കും
ദീനബാന്ധവന്‍ ദേവന്‍ കാണ്മതില്ലെന്നെ മാത്രം.
കോവിലില്‍ പൂജക്കെത്തി പ്രേമ വ്യാപാരം ചെയ്യും
കോമളാംഗനകളെ, കാമകോമളന്മാരെ
കനിവോടനുഗ്രഹിച്ചരുളും ദൈവം എന്റെ
കരുണാര്‍ദ്രമാം കഥ കേട്ടതില്ലൊരിക്കലും.

1 comment:

Unknown said...

“പൂണൂലിന്‍ ചരടിനാല്‍ ദൈവത്തെ തളച്ചീടും
പൂജാരി, പൌരൊഹിത്യ മേധാവി ...കണ്ടു ഞാന്‍ പൂജാരിയെ ദേവസ്വം ബോര്‍ഡാഫീസില്‍
അഞ്ചു ലക്ഷത്തിന്‍ ‘ചെക്കു‘, കൈക്കൂലി നല്‍കാന്‍ നില്‍ക്കെ,
രണ്ടു കൊല്ലത്തേക്കെന്റെ വിഗ്രഹം പൂജിക്കുവാന്‍“.
വളരെ ഏറെ ആനുകാലിക പ്രസക്തി ഉള്ള ഒരു വിഷയം ഇവിടെ അവതരിപ്പിക്കുന്നു.